Friday 3 January 2014

വിശപ്പിന്റെ യാഥാർത്ഥ്യങ്ങൾ

                 പതിവുപോലെ ഉച്ചയൂണ് കഴിച്ച് എഴുന്നേറ്റപ്പോൾ ടിഫിൻ ബോക്സിൽ അല്പം ഭക്ഷണം ബാക്കിയുണ്ടായിരുന്നു. മേശയിൽ വിരിച്ചിരുന്ന പേപ്പറിൽ കൂട്ടിവെച്ച വേസ്റ്റിലേക്ക് ബാക്കിയായ ഭക്ഷണം ഒഴിവാക്കുമ്പോഴാണ് അതിനടിയിലെ ചിത്രം അവൻ ശ്രദ്ധിച്ചത്.

                “ദാരിദ്രത്താൽ എല്ലും തോലുമായ് മരണവുമായ് മല്ലടിക്കുന്ന ഏകദേശം മൂന്നോ നാലോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പിഞ്ചു കുഞ്ഞിനു സമീപം വിശപ്പിന്റെ ആർത്തിയുമായ് ആ കുഞ്ഞിന്റെ മരണം കാത്തിരിക്കുന്ന ഒരു കഴുകന്റെ ചിത്രമായിരുന്നൂ അത് “ ആ ചിത്രത്തിനു അവാർഡു ലഭിച്ചതിനെക്കുറിച്ചുള്ള വർത്തയായിരുന്നു ആ പേപ്പറിൽ.

                  ആ ഫോട്ടോയ്ക്ക് അവാർഡ് ലഭിച്ചെങ്കിലും ആ കുരുന്നിന്റെ ജീവനായ് ഒന്നും ചെയ്യാതെ തന്റെ പ്രശസ്തിക്കും പണത്തിനുമായി ആ നിമിഷങ്ങളെ ഉപയോഗിച്ചതിനാൽ ഒരുപാടു വിമർശനങ്ങൾ നേരിടേണ്ടി വന്ന ആ ഫോട്ടോഗ്രാഫർ അവസാനം കുറ്റബോധത്തിന്റെ ഉമിത്തീയിൽ സ്വയം നീറാൻ കഴിയാതെ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

                എത്രയോ മനുഷ്യജന്മങ്ങൾ ഒരു നേരത്തെ അന്നത്തിനു വേണ്ടി മറ്റുള്ളവരുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നുണ്ടെന്ന ആ തിരിച്ചറിവിനു മുൻപിൽ അവൻ സ്തബ്ധനായി നിന്നു പോയി.

               ഒരു നിമിഷം ആ പേപ്പറിലേക്കും പിന്നെ മേശയിൽ വിരിച്ചിരുന്ന പേപ്പറിൽ കൂട്ടിവെച്ച വേസ്റ്റിലേക്ക് ഒഴിവാക്കിയ ആ ഭക്ഷണത്തിലേക്കും അവന്റെ മിഴികൾ നീണ്ടുപോയി അപ്പോൾ അവന്റെ മിഴികളിൽ അടർന്നു വീഴാനായി ഒരു അശ്രുകണം യാത്ര പുറപ്പെട്ടിരുന്നു...

               സീറ്റിൽ നിന്നും എഴുന്നേൽക്കുമ്പോൾ അവനൊരു തീരുമാനത്തിൽ എത്തിയിരുന്നു. വരുംവർഷത്തിലെ ഉദയാസ്തമയങ്ങൾ സാക്ഷി നില്ക്കുന്ന ഒരു ഉറച്ച തീരുമാനം. അവന്റെ കണ്ണുകളിലപ്പോൾ നിശ്ചയദാർഢ്യം തിളങ്ങുന്നുണ്ടായിരുന്നു.

* 1994-ൽ കെവിൻ കാർട്ടർ സുഡാനിൽ നിന്നെടുത്ത ചിത്രമാണിത്.
*ചിത്രത്തിനു കടപ്പാട് - ഗൂഗിൾ